കോടഞ്ചേരി: പഞ്ചായത്തിന്റെ കീഴിൽ മുറമ്പാത്തി 11-ാം വാർഡിൽ പ്രവർത്തിക്കുന്ന മാതൃക അങ്കണവാടി തുറന്ന് പ്രവർത്തണമെന്ന് ആവശ്യം ഉയരുന്നു.
മഴയെ തുടർന്ന് കുറഞ്ഞ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും അതേത്തുടർന്ന് പഞ്ചായത്ത് അധികാരികൾ ഫിറ്റ്നസ് റദ്ദാക്കുകയുമായിരുന്നു. അതിനുശേഷം മണ്ണ് മാറ്റിയാൽ ഫിറ്റ്നസ് തരാമെന്ന് അധികൃതർ ഉറപ്പുനൽകിയതു പ്രകാരം ഇടിഞ്ഞ ഭാഗത്തെ മണ്ണെടുത്ത് മാറ്റി പഞ്ചായത്തിൽ റിപ്പോർട്ട് കൊടുത്തിട്ടും പഞ്ചായത്ത് അധികൃതർ അംഗീകരിച്ചിട്ടില്ല.
പകരം മറ്റൊരു വാടക കെട്ടിടം കണ്ടുപിടിച്ച് അങ്ങോട്ട് മാറ്റുമെന്ന് പഞ്ചായത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചെങ്കിലും നാളിതുവരെയും പുതിയ വാടക കെട്ടിടം കണ്ടുപിടിച്ചിട്ടില്ല. ഒന്നരമാസത്തോളമായി അങ്കണവാടി അടഞ്ഞുകിടക്കുന്നതിനാൽ രക്ഷിതാക്കളും പ്രദേശവാസികളും ആശങ്കയിലാണ്.